നനുത്ത മഞ്ഞിന്റെ മൂടുപടം കീറി ഉദയസൂര്യന് തലകാണിച്ച് തുടങ്ങുന്നതേയുള്ളൂ. അരുണവര്‍ണമാര്‍ന്ന ഉദയകിരണങ്ങള്‍ "മഹേന്ദ്ര"യുടെ സ്വതവെയുള്ള ഇളം ബിസ്കറ്റ് നിറത്തിനു കൂടൂതല്‍ ശോഭ നല്കി. രണ്ടാമതായാണ് മഹേന്ദ്രയില്‍ വരുന്നതെങ്കിലും, തനിച്ചുള്ള ഈ വരവ് മനോജിന് വളരെ അരോചകമായി തോന്നി. ഇനിയും നേരം പുലരാന്‍ ഒരുപാട് സമയമുണ്ട്. കാന്റീന് തുറക്കുന്നവരെ കോളേജ് ചുറ്റിനടന്നുകാണുകയേ മാര്‍ഗമുള്ളൂ. മനോജ് മനസ്സിലോര്‍ത്തു.
ഒരുപോലിരിക്കുന്ന രണ്ടു കൂറ്റന്‍ കെട്ടിടങ്ങള്ക്കിടെയിലെ ടാറിട്ട പാതയിലൂടെ നടക്കുമ്പോള്‍ മനസ്സില്‍ പ്രതീക്ഷകള്‍ വളരുകയായിരുന്നു. നാട്ടില്‍ പഠിക്കാന്‍ കഴിയില്ലെങ്കിലും തമിഴ് സിനിമകളിലേതുപോലെ വര്‍ണശബളമായ ഒരു കലാലയജീവിതം തനിക്ക് സേലത്തുനിന്നും ലഭിക്കുവാന്‍ പോകുന്നുവെന്ന ആനന്ദം അത്ര ചെറുതായിരുന്നില്ല.
12 മണിക്കുള്ള കണ്‍സോര്‍ഷ്യം എന്ട്രന്സിനുപോകാന് 9.30നേ എത്താന്‍ സെന്തില്‍ സാര്‍ പറഞ്ഞപ്പോള്‍, ഒരിത്തി നേരത്തേയായാല്‍ അത്രയും നല്ലതാണല്ലോ എന്ന് ചിന്തിച്ച് റെയില്‍വേ സ്റ്റേഷനില്‍ നിന്നും, കുളിച്ചയുടനെ നേരെ കോളേജിലേക്ക് വരാന്‍ തോന്നിയ നിമിഷത്തേ മനസ്സില്‍ ശപിച്ചു കൊണ്ട് മനോജ് കലാലയപരിസരം മുഴുവനും ചുറ്റിനടന്നു.
ഏതാണ്ട് 10.30ഓടെ രണ്ട് പെണ്‍കുട്ടികള്‍ ഗേറ്റ് കടന്നുവന്നു. ഒരാളെ കണ്ടാലേ അറിയാം ഒരു തമിഴത്തിയാണെന്ന്. മറ്റേയാള്‍ സുന്ദരിയായിരുന്നു. നിതംബത്തിനും താഴ്ന്നു കിടക്കുന്ന മനോഹരമായ കേശഭാരവും, അരുണവര്‍ണമാര്‍ന്ന അധരങ്ങളിലെ പുഞ്ചിരിയും, സ്ത്രൈണസൗന്ദര്യം തുളുംബുന്ന ശരീരവടിവും ആകാരസൗകുമാര്യവും അവളെ ഒരു മാലാഖയാക്കി. പൂര്ണ്ണചന്ദ്രികാസമാനമെന്നു പറയാനാവില്ലെങ്കിലും, അവളുടെ മുഖകമലത്തില്‍ എന്തോ പ്രത്യേകത നടമാടുന്നുണ്ടായിരുന്നു!ഒരു നിമിഷത്തിനുള്ളില്ത്തന്നെ താനവളുടെ ആരാധകനായി മാറുക്കയാണോ എന്ന് മനോജിന് തോന്നി.
അവര്‍ ആ താമരപൊയ്കയും കടന്ന് താന്‍ നില്ക്കുന്ന പുസ്തകശാലയ്ക്കുനേരേ വരുന്നതും നോക്കി അവന് കണ്ണിമക്കാതെ നില്ക്കുമ്പൊഴും, ഇങ്ങിനെയൊരാള്‍ അവിടെ നില്‍ക്കുന്നതുപോലും വകവെക്കാതെ അവര്‍ അവനെയും കടന്ന് പോയി. "മലയാളിയാണോ?" എന്ന മനോജിന്റെ ചോദ്യത്തിന് "ഇല്ലിങ്കേ, തമില്‍ താന്‍" എന്ന മറുപടി അവനെ ദുഖിതനാക്കി. അവളുടെ പേരും ക്ലാസ്സും സ്ഥലവുമെല്ലാം നിമിഷനേരത്തിനുള്ളില്‍ അവന് ചോദിച്ചു മനസ്സിലാക്കി! "ദീപ"എന്ന പേര് അന്വര്‍ഥമാക്കുംവിധം, ഇടപെടുന്ന എവിടെയും പ്രകാശം പൊഴിക്കുന്ന ദീപം തന്നെയാണ് അവള് എന്നവന് മനസ്സിലായി! കണ്‍സോര്‍ഷ്യം എന്ട്രന്സ്സിലും ക്ലാസ്സിലും മാത്രമല്ല എന്നുമെല്ലായിടത്തും ഒന്നാമതായി അവള് മറ്റെല്ലാവര്‍ക്കും മാതൃകയാകുന്നത് അവന് അഭിമാനത്തോടെ നോക്കി നില്ക്കാറുണ്ടായിരുന്നു.
ഒരുദിവസം ക്ലാസ്സില്‍ "ഗുഡ് മോര്‍ണിങ്" പറഞ്ഞതിനു തിരിച്ച് പ്രഭാതവന്ദനം നടത്തിയ (മറ്റൊരു) പെണ്‍കുട്ടിയോട് എന്നും ഇതുപോലെ ഗുഡ് മോര്‍ണിങ് പറഞ്ഞോളാന്‍ പറഞ്ഞതിന് മനോജിന് കിട്ടിയ മറുപടി മനോഹരമായിരുന്നു. എന്നും ആ കുട്ടി ഇങ്ങിനെ അവനോടു സംസാരിച്ചാല്‍ എല്ലാവരും അവള്‍ക്കവനോടു പ്രേമമാണെന്നു കരുതുമത്രേ! അവളോട് കണ്ണാടി നോക്കിയിട്ടുണ്ടോ, ഇല്ലെങ്കില്‍ ഒന്നു നോക്കണേ എന്നുപറയാനാണ് അവന് തോന്നിയതെങ്കിലും മാന്യതയുടെ പേരില്‍ നിശബ്ദത പാലിച്ചു. തമിഴ്നാട്ടിലെ ഗ്രാമീണമേഖലകളിലെ സാധാരണ പെണ്‍കുട്ടികളുടെ ചിന്താരീതികളേക്കുറിച്ച് അവന് അവജ്ഞതോന്നി.
സംസാരത്തിനിടെയില്, പലപ്പോഴും ദീപയും സാധാരണ തമിഴ് പെണ്കുട്ടികളേപ്പോലെയാണവനോടു പെരുമാറാറുള്ളത്. ഒരു തവണ ബെര്‍ത്ത്ഡേ ട്രീറ്റ് ചോദിച്ചപ്പൊള്‍ "ഐ ഡോണ്ട് ലൈക്ക് സെലെബ്രേഷന്സ്, പ്ലീസ്,പ്ലീസ്,പ്ലീസ്" എന്ന മറുപടിയായിരുന്നു. പിന്നെ എപ്പൊഴൊ എന്തൊ പറയുമ്പോള്‍ "ഡിയര്‍" എന്നുവിളിച്ചതിന് "അയാം നോട്ട് യുവര്‍ ഡിയര്‍" എന്നും അവനു മറുപടി കിട്ടി. എന്തോ ഒരുകാര്യത്തിന് ആത്മാര്‍ഥമായി അഭിനന്ദിച്ചതിനും മറുപടി വളരേ വിപരീതമായിരുന്നു. ചുരുക്കത്തില്‍ അവള് അവനില്‍നിന്നും എപ്പോഴും ഒരു അകലം പാലിച്ചിരുന്നു.
മൂന്നുവര്‍ഷത്തെ എം.സി.എ കഴിഞ്ഞിട്ടും, അവരുടെ ബന്ധം (മനോജിന്റെ അനുരാഗം) ഒരു ഇഞ്ചുപോലും മുന്നോട്ടുപോയില്ല. രണ്ടുപേരും സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍മാര്‍ ആയിട്ടും, ഇന്നും ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും അവന് അവളെ ഓര്‍ക്കാറുണ്ട്! അവളോ..?
Disclaimer: ഈ ചെറുകഥയിലെ കഥാതന്തുവും കഥാപാത്രങ്ങളും പഠിച്ച കോളേജ് പരിസരത്തില്ക്കണ്ട ചില സമാനതകളെ അനുബന്ധമാക്കി നെയ്തെടുത്തവയാണെങ്കിലും, പൂര്‍ണ്ണമായും സാങ്കല്‍പ്പികമാണ്. ഇവയോട് ആര്‍ക്കെങ്കിലും സാമ്യം തോന്നുകയാണെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണ്. ജീവിതഗന്ധിയാക്കുവാന് സൗകര്യപൂര്‍വം പഠിച്ച കലാലയം ബിംബമാക്കി എന്ന് മാത്രം.
5 comments:
ഓര്‍ത്തോണ്ടിരിക്കാം...
ശ്ശൊ, ഈ പ്രിയച്ചേച്ചീടൊരു കാര്യം! ചേച്ചീ, ത് ഞാനല്ല; ഏതോ ഒരു മനോജല്ലേ?
അനിയാ ,
ചന്തു ആകാനുള്ള ശ്രമം സ്വാഗതാര്‍ഹം തന്നെ... അനിയന്റെ ബ്ലോഗ് എനിക്ക് ഇഷ്ടപ്പെട്ടു. തുടര്‍ന്നും എഴുതുക.. പിന്നെ ഇതൊക്കെ അനിയന് മാത്രം പറ്റുന്നതല്ല....
ബ്ലോഗ് ഇഷ്ടായീന്ന് പറഞ്ഞത് ഇയ്ക്കും ഷ്ടായി! പെര്‍ത്ത് സന്തോഷം കറിയാച്ചാ! ഈ ബൂലോഗമെന്ന ബ്ലോഗ്ലോകത്ത് നമ്മളെപ്പോലെ (ഈ മനോജ് ഞാനല്ലാട്ടോ) ഒരുപാട് പേര് നഷ്ടപ്രണയോംകൊണ്ട് തെരാപാരാന്ന് നടക്ക്ണ്ണ്ട്!
പിന്നെ ന്റെ കറിയാച്ചാ, ചന്ദു ആകാന്‍ ശ്രമിക്ക്യല്ലാട്ടോ, ഞാന്‍ ശരിക്കും ചന്ദ്വന്ന്യാ! എന്റെ പേരാ അത്!
Post a Comment